Saturday, 25 August 2018

ഒരു കഥ പറയാം.ഒരിടത്തൊരിടത്ത്‌ ഒരു കുഞ്ഞ് നാടുണ്ടായിരുന്നു.പള്ളികളുടെയും അമ്പലങ്ങളുടെയും നാട്..ഹിന്ദുവും ക്രിസ്ത്യനും മുസല്മാനും അതിരുപങ്കിട്ട നാട്.. ഇടതും വലതും മത്സരിച്ചുപോരാടിയ നാട്..അങ്ങനെ കാലംപോകേ ഒരു വലിയ വിപത്ത് ആ നാടിനെ 'അടപടലം' പിടിച്ചുലച്ചു!എന്നിട്ടോ.. അന്നാട്ടിലെ ജനങ്ങളെല്ലാംകൂടി ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെകണ്ട്‌ സങ്കടം ബോധിപ്പിച്ചു."എന്റെ തല എന്റെ ഫുൾ ഫിഗർ"എന്ന ചിന്ത മാത്രം കൊണ്ടുനടക്കുന്ന മൂങ്ങാമോറനും പിന്നെ കുറേ മൂടുതാങ്ങികൾക്കും ജനങ്ങളെക്കാൾ വലുത് രാഷ്‌ട്രീയമാണെന്ന് തിരിച്ചറിഞ്ഞ അന്നാട്ടുകാർ ഒന്നിച്ചുനിന്ന് ഒറ്റയ്ക്ക് പോരാടി.പൊറോട്ടയും ബീഫും തിന്നുകൊഴുത്ത അവരുടെ ഉറച്ച ശരീരവും അതിനേക്കാൾ ഉറച്ച മനസ്സും ആ വലിയ വിപത്തിനെ അടിച്ചുനിലംപരിശാക്കാൻ അവരെ സഹായിച്ചു. അങ്ങനെ ആ നാട് വീണ്ടും 'ഗോഡ്സ് ഓൺ കൺട്രി' ആയിത്തന്നെ വാഴ്ത്തപ്പെട്ടു. അതോടൊപ്പം അതുവരെ നിലനിന്നിരുന്ന കുടിലതയും വേർതിരിവും മതവിദ്വേഷവും അറബിക്കടൽ എന്നന്നേയ്ക്കുമായി കട്ടുകൊണ്ടുപോവുകയുംചെയ്തു.
       വർഷങ്ങൾക്കുശേഷം നമ്മളോരോരുത്തരും മക്കൾക്കും ചെറുമക്കൾക്കും ചൊല്ലിക്കൊടുക്കാൻ സാധ്യതയുള്ള അനുഭവങ്ങളുടെ പ്രളയകഥയാണ്‌ 2018!എന്റെ ഇതുവരെയുള്ള എഴുത്തുകൾ പിറവികൊണ്ടതൊക്കെയും ഞാൻ തന്നെ സൃഷ്‌ടിച്ച ചുറ്റുപാടുകളുടെ സുഖലോലുപമായ തൊട്ടിലിലാണ്‌.എന്റെ മുറി, എന്റെ ചിന്തകൾ മാത്രം പ്രതിധ്വനിക്കുന്ന, ചെവിക്കൊള്ളുന്ന എന്റെ ചുവരുകൾ, എന്നെ നോക്കി സദാ പുഞ്ചിരിക്കുന്ന 'ഹിപ്പി,ബ്ലാക്ക്‌ & വൈറ്റ് ' ചുവർചിത്രങ്ങൾ,എന്റെ തൂ'fan',ബ്ലാക്ക്‌ പോയിന്റ്‌ പെൻ,തലതിരിച്ചെഴുതുന്ന പുസ്തകത്താളുകൾ,അങ്ങനെ പലതും... ഇന്നാദ്യമായി ഒരു പരീക്ഷണമാണ്.കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പൂജയ്ക്ക് വരുന്ന തന്ത്രികൾക്ക് താൽക്കാലികമായി താമസിക്കാൻ പണിത,ആഞ്ഞൊന്നുതട്ടിയാൽ ഇടിഞ്ഞുപൊളിഞ്ഞു വീഴാവുന്ന ഒരു മാളിക. ഇതിന്റെ പത്തായപ്പുരയിൽ കുറേ പഴക്കുലകൾക്ക് താഴെ, അരിച്ചാക്കുകൾക്ക് മുകളിൽ ആണ് എന്റെ ഇപ്പോഴത്തെ സ്വൈര്യവിഹാരം.'36 സൈസ് ബ്രാ' യുടെ പാക്കറ്റുകൾ എത്തിച്ചുതന്ന ഏതോ ഒരു നല്ലവനായ വ്യക്തിയെ ഈ നിമിഷം ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു. ഈ കാലി പാക്കറ്റുകളുടെ ഉൾഭാഗം ആണെന്റെ കടലാസ്സ്. ലിസ്റ്റ് എടുക്കാൻ തന്ന,രണ്ടുരൂപയ്ക്ക് കിട്ടുന്ന ലൈറ്റ് വെയിറ്റ് പേനയും, ആവശ്യത്തിന് പൊടിയും, ജലദോഷവും, ശരീരംവേദനയും ഒക്കെക്കൂടിയായപ്പോൾ എഴുതാൻ ഒരു മജ ആയി എന്ന് വേണമെങ്കിൽ പറയാം.
       കാണുന്ന കാഴ്ചകളെ ഒരു ഫ്രെയിമിൽ പകർത്തി എക്കാലവും ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷെ സാധിച്ചില്ല..മനസ്സനുവദിച്ചില്ല എന്നതാണ് സത്യം !ഇവിടെ എനിക്ക് ചുറ്റും ഒരു കഥയല്ല.കാതുകൂർപ്പിച്ചാൽ ഏകദേശം 8000ൽ പരം കഥകൾ ഈ അമ്പലപ്പറമ്പിലും ചുറ്റുപാടുമായി മുഴങ്ങിക്കേൾക്കാം. "പ്രളയത്തിന് ശേഷം പ്രണയമാണ് കേരളത്തിലൊട്ടാകെ" എന്ന് എവിടെയോ വായിച്ചുകണ്ടു.ശരിയാണ്.. എനിക്ക് ചുറ്റും നടന്നു നീങ്ങുന്ന കണ്ണുകളിൽ ഞാനും കാണുന്നു ഒരുപാട് പ്രണയം !അച്ഛനോട് അമ്മയോട് അനുജനോട് അനുജത്തിയോട് അയൽവാസിയോട് അപരിചിതനോട്.... മനുഷ്യന് മനുഷ്യനോട് പ്രണയം !ഇതിലും വലിയ ഓണം സ്വപ്നങ്ങളിൽ മാത്രം...
        കുറച്ച് ദിവസങ്ങളായി നമുക്ക് ചുറ്റും രാഷ്ട്രീയമില്ല, മതമില്ല, തമ്മിൽതല്ലില്ല, ചതിയില്ല, കുടിലതയില്ല, കാപട്യമില്ല !ഇരമ്പുന്നതൊക്കെയും അതിജീവനത്തിന്റെ.. കരുത്തിന്റെ.. തിരിച്ചുവരവിന്റെ.. മനുഷ്യത്വത്തിന്റെ..പരസ്പരസ്നേഹത്തിന്റെ..കരുതലിന്റെ..നന്മയുടെ തിരകളാണ്...അതൊരുപാടുകാലം കേരളമണ്ണിൽ അലയടിക്കട്ടെ !പിന്നെ മഴക്കാലമാകുമ്പോൾ മണ്ണിരകൾ പൊന്തിവരുന്നത് സ്വാഭാവികം!അവരോടായി ഇന്നെനിക്കുണ്ടായ ഒരനുഭവം മറുപടിയായി പറയാം..സമീപത്തെ അമ്പലക്കടവിൽ നിന്ന എന്റെ അടുത്തുവന്ന് ഒരു ചെറിയ പയ്യൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു, "ചേച്ചി, ഞാനൊരു ക്രിസ്ത്യാനിയാണ്.അതറിയാവുന്നവരുണ്ടിവിടെ!ഞാനിനി ഈ കുളത്തിൽ കുളിക്കുന്നത് അവരെങ്ങാനും കണ്ടാൽ വല്ലതും പറയ്യോ ?" ആ ചോദ്യം ചോദിക്കുമ്പോൾ തെല്ലൊരു ഭയവും ആശങ്കയും അവന്റെ മുഖത്ത് നിഴലിച്ചിരുന്നു. ഞാൻ മറുപടി പറയുംമുൻപേ ചോദ്യംകേട്ട് നിന്ന അമ്പലത്തിലെ തിരുമേനി അവനോടായി പറഞ്ഞു."നീയാ കുളത്തിൽകിടന്ന് തിമിർക്കുന്ന ചെക്കനെ കണ്ടോ?അവനും ഇതേ ചോദ്യാ ന്നോട് ചോയ്ച്ചേ!ആ കുട്ടിന്റെ പേരെന്താന്നറിയ്യോ നിനക്ക്?റംസാൻ... അവൻ കുളിച്ചിട്ട് അമ്പലക്കുളത്തിന്റെ നിറം മാറുവോ മറ്റോ ചെയ്തോ ?ശരിക്ക് നോക്ക്.. മാറീട്ടില്ലാന്ന് ബോധ്യായീച്ചാ ചാടിക്കോളൂ അവനെപ്പോലെ... പിന്നെ, ഇത് ഹിന്ദുക്കൾക്ക് കുളിക്കാനുള്ള കുളമല്ല, മനുഷ്യർക്ക്‌ കുളിക്കാനുള്ളതാണ്... "
      ഇതാണ് ഇപ്പോഴത്തെ ഒരു ശരാശരി മലയാളിയുടെ മാനസികാവസ്ഥ !ഇനി, തിരിച്ച് മടങ്ങുമ്പോൾ തങ്ങളെക്കാത്ത് ഇക്കാലമത്രയും സ്വരുക്കൂട്ടിയതിന്റെ അവശേഷിപ്പുകൾപോലും ബാക്കിയില്ല എന്ന് ബോധ്യംവന്നവർ പറയുന്നതിതാണ്, " പട്ടിണിയും ദാരിദ്ര്യവും ഞങ്ങളെപ്പോലെ ഞങ്ങടെ മക്കളെയും ശീലിപ്പിച്ചിട്ടുണ്ട് മോളെ.. അതുകൊണ്ടവരൊന്നും ഒന്നും കിട്ടിയില്ലെങ്കിലും വിഷമിക്കില്ല, പരാതിയും പറയില്ല !ഇതൊന്നും അനുഭവിച്ചിട്ടില്ലാത്ത അമ്മമാരും കുഞ്ഞുമക്കളുമുണ്ട് അപ്പുറത്തെ മുറിയിൽ...നിങ്ങൾ അവർക്ക് കൊടുക്ക്!ഞങ്ങൾക്ക് സന്തോഷമേയുള്ളൂ... "
       മനുഷ്യരിൽ ദൈവത്തേക്കാണുന്ന സന്ദർഭങ്ങളാണിവയൊക്കെയും!സംസ്ഥാന സർക്കാർ,റെസ്ക്യൂ ഫോഴ്സ്, ആർമി, നേവി, എയർ ഫോഴ്സ്, മത്സ്യതൊഴിലാളി മാലാഖമാർ,ഡോക്ടർസ്,മീഡിയ, അഡ്മിനിസ്ട്രേറ്റർസ്, ട്ടെക്കീസ്,വോളന്റീർസ്, പ്രിയപ്പെട്ട നാട്ടുകാർ, സഹായഹസ്തം നീട്ടിയ നല്ലവരായ "ഇതര രാജ്യഭരണാധികാരികൾ",മറുനാടൻ മനുഷ്യസ്നേഹികൾ, വീടിനും നാടിനും കൊള്ളാത്തവരെന്ന്പറഞ്ഞ് തഴഞ്ഞ എന്തിനുംപോന്ന മിടുമിടുക്കന്മാരായ ഫ്രീക്കൻമാർ,എന്തിനേറെ പറയണം, ആ രണ്ട്‍ കോഴിക്കുഞ്ഞുങ്ങൾക്ക് സംരക്ഷണമേകിയ പൊട്ടിയ വള്ളിചെരിപ്പുപോലും ദൈവതുല്യമാണ് !
      ഒരു മറുപടി കൂടി പറയാതെ നിർത്താൻ വയ്യ.പേർസണൽ ആയും അല്ലാതെയും "You stranded shits don't deserve to celebrate onam" എന്ന് പറഞ്ഞ മാന്യദ്ദേഹങ്ങളോടായി പറയുവാണ്, " ഞങ്ങൾ മലയാളികളാണ് !😎സാഹചര്യങ്ങളുണ്ടായിട്ടും ആഘോഷങ്ങളെല്ലാം ഉപേക്ഷിച്ച്, ഉള്ളവൻ ഇല്ലാത്തവന് കൊടുത്ത്, ഇല്ലാത്തവനോടൊപ്പം അവന്റെ ദുഃഖത്തിലും സുഖത്തിലും പങ്കാളിയായി കൂടെനിന്ന്, ഇതാണ് ഏറ്റവും അർത്ഥവത്തായ ഓണം എന്ന് പറയുന്ന മലയാളിയുടെ മനസ്സുണ്ടല്ലോ... !ഇതാണ് ഞങ്ങൾ നിങ്ങൾക്ക് തരുന്ന ഏറ്റവും നല്ല മറുപടി!നിങ്ങളിൽ പലരും കുറേ ശ്രമിച്ചുവെന്നറിയാം,പക്ഷെ "കലങ്ങിയില്ല"!Better luck next time...ഇവിടിപ്പോൾ ആകെമൊത്തം ചെളിയാണ്,പക്ഷെ ഇനിയൊരൊറ്റ താമര ഈ ചെളിയിൽ വിരിയില്ല!പിന്നിപ്പോൾ എന്താ ചെയ്യാ?വന്നാൽ വാരി പൊത്തിതരാം...Remember onething, we are not surviving,we,Keralites are recovering!എല്ലാം കഴിഞ്ഞുതിരിച്ചുവരുമ്പോൾ ഞങ്ങൾ നിങ്ങളോട് ചോദിക്കാം,"ഒരു സെറ്റ് പൊറോട്ടേം ഒരു പ്ലേറ്റ് ബീഫും എടുക്കട്ടെ ചേട്ടാ..."ന്ന്‌.എല്ലാവർക്കും ഒരു കിടിലൻ ഓണം നേരുന്നു.ഒന്നേ പറയാനുള്ളൂ നമ്മളെല്ലാവരും മരണമാസ്സ് ആണ്!അത്രതന്നെ...
Proud to be a beef eater!Proud to be a malayalee!Proud to be a human!N thanks to Let's Stand Together and Golden Melodies for such a great effort.Im grateful to you both.
Happy onam to all mallus out there...

No comments:

Post a Comment