സ്നേഹം കൂടുമ്പോൾ അമ്മൂമ്മ പെണ്ണിനെ അമ്മൂ.. അമ്മൂസേ.. അമ്മുക്കുട്ടീന്നൊക്കെ നീട്ടി വിളിക്കാറുണ്ടായിരുന്നു.എനിക്ക് വയ്യാതായപ്പോൾ ഓടിവന്നതാണ് ഞങ്ങളുടെ കൂടെ നിൽക്കാൻ.
ബെഡിൽനിന്ന് എഴുന്നേൽക്കാനോ,എന്തിന് ഒന്നനങ്ങാൻകൂടി പറ്റാതിരുന്ന കാലത്ത് ടോയ്‌ലറ്റിൽ പോവുന്നകാര്യമോർത്ത് പേടിച്ചു ഭക്ഷണം അധികം കഴിക്കില്ലായിരുന്നു ഞാൻ.അപ്പോൾ ഓടിവരും അമ്മുക്കുട്ടി,പണ്ട് എന്നെ സ്കൂളിൽ വിട്ടിരുന്നപോലെ
ബദാം,അണ്ടിപ്പരിപ്പ്,ഷെയ്ക്ക്,ജ്യൂസ്,മുന്തിരി,മാതളനാരങ്ങ ഇതൊക്കെ പൊക്കിപ്പിടിച്ചുകൊണ്ട്!
മുഴുവൻ കഴിക്കാതെ വിടില്ല!എല്ലാ അമ്മൂമ്മമാരും ഒരുപക്ഷെ അങ്ങനെയാവും,അവരുടെ സ്നേഹംപോലെതന്നെ, വയറുപൊട്ടുന്ന പരുവത്തിൽ കുത്തിനിറച്ച് കഴിപ്പിക്കും!പെട്ടെന്ന് വളരാൻ എന്നാണ് വാദം!അമ്മൂമ്മമാരുടെ കണ്ണിൽ നമ്മളൊരുപക്ഷേ എലൂന്തി,വേച്ചുവേച്ചു നടക്കുന്ന സോമാലിയൻ പട്ടിണിക്കോലമായിരിക്കാം!എന്തായാലും ഇതെല്ലാം നിർബന്ധിച്ച് കഴിപ്പിച്ചിട്ട് എന്നെ കളിയാക്കി ചോദിക്കും "കുറച്ചു ചോറും മീൻകറിയും കൂടി എടുക്കട്ടെ സേട്ടാ "ന്ന് !പുള്ളിക്കാരി നമ്മുടെ ഭാഷയിൽ പറഞ്ഞാൽ "thug life"ആണ്,'counter'ന്റെ കേന്ദ്രം!
എന്തായാലും എന്നോടെന്നല്ല പണ്ടുതൊട്ടേ വീട്ടിലാരുവന്നാലും ഭക്ഷണം കൊടുക്കാതെ,അവരുടെ വയറുനിറഞ്ഞെന്ന് ഉറപ്പുവരുത്താതെ അമ്മുമ്മ മടക്കിയയച്ചതായി ഞാൻ കണ്ടിട്ടില്ല!അതിന്റെയൊക്കെ നന്മയാവാം,ഒരു മാസം തികച്ച് കിടക്കേണ്ടി വന്നില്ല!പെട്ടെന്നങ്ങ് പോയി...
അമ്മുക്കുട്ടിയുടെ മരണശേഷം അവശേഷിച്ച വസ്ത്രങ്ങളിൽ പഴയതൊക്കെ എടുത്തുകത്തിച്ചു.നല്ലതൊക്കെ പാവപ്പെട്ടവർക്കാർക്കെങ്കിലും ഉപകാരപ്പെടട്ടെയെന്നോർത്ത് കഴുകി വൃത്തിയാക്കി ഭദ്രമായിമടക്കിവച്ചു!അമ്മൂ സ്ഥിരം ഉടുത്ത് കണ്ടിരുന്ന രണ്ടു സാരികളിൽ ഒന്ന് അമ്മയും മറ്റൊന്ന് അമ്മായിയും ഒരോർമ്മയ്ക്കായി എടുത്ത് അലമാരയിലും സൂക്ഷിച്ചു.ചെറിയ ചെറിയ ജോലികളൊക്കെ ചെയ്യാമെന്നായപ്പോൾ ഞാനും കൂടി,സാരി മടക്കിവയ്ക്കാൻ!ആദ്യം കൈയ്യിൽ വന്നതിനുതന്നെ തുമ്പത്തൊരു കെട്ട്!അമ്മൂന്റെ സ്ഥിരം പണിയാണ്,സാരി അഴിഞ്ഞുപോവാതിരിക്കാൻ ആണത്രെ!ഇതിന്റെ പേരും പറഞ്ഞ് ഞാൻ എപ്പോഴും വഴക്കുപറയുമായിരുന്നു!
"പത്തമ്പത് കൊല്ലായില്ലെ കൊച്ചേ സാരിയുടുക്കാൻ തുടങ്ങീട്ട് !ഈ കെട്ടിട്ട് സാരി ചീത്തയാക്കുന്നതെന്തിനാ?ഇതിപ്പോ ഇട്ടാലും വല്യ കാര്യോന്നൂല്ല...അഞ്ചുമിനിറ്റ് കഴിഞ്ഞ് നോക്കിയാ വാല് പോലെ കൊറേ കഷ്ണം വലിച്ചോണ്ട് നടക്കുന്ന കാണാം!നിങ്ങടെ കൊച്ചുമോളിതിലും നല്ലോണം സാരിയുടുക്കൂല്ലോ കൊരങ്ങി..."
അപ്പോൾ മറുപടിയായിട്ട് എന്നോട് പറയും, "അങ്ങനെ തറയിലിഴയണ എന്റെ സാരീലാരുന്നു നീ പണ്ട് ഊപ്രിയാരുന്നപ്പൊ പാളയിൽ ഇരുന്നുപോണപോലെ സുഖിച്ചിരുന്നത്..നിന്നേം വലിച്ചോണ്ട് ആ വീട് മൊത്തം നടക്കുവാരുന്നു ഞാൻ!വലുതായപ്പൊ കുറ്റംപറയുന്നോ"!
സാരിത്തുമ്പിൽ കെട്ടിയ കെട്ട് അഴിച്ചുകൊണ്ട് ഞാൻ പറയും,"അമ്മൂമ്മമാരൊക്കെയാവുമ്പോ അങ്ങനാ..എന്തായാലും ഞാൻ ഉള്ളപ്പൊ ഈ കെട്ടിടണ്ട!ഞാൻ ഉടുപ്പിച്ച് തന്നോളാം".
അങ്ങനെതന്നെയായിരുന്നു... അവസാനമായി അമ്മൂമ്മ ഈ വീട്ടിൽ നിന്ന് ആശുപത്രിയിലേയ്ക്ക് "നടന്നിറങ്ങിയ" അന്ന്...കെട്ടിടാതെ...ഒരു സെറ്റ്സാരി ഉടുപ്പിച്ചുകൊടുത്തു!ഉടുത്തുകഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു സുന്ദരിയായോന്ന്!ഞാനപ്പോൾ ഒരു പൊട്ടുകൂടി തൊട്ടുകൊടുത്തിട്ട് പറഞ്ഞു,"പിന്നേ...വൻ ഗ്ലാമർ ആയിട്ടുണ്ട്"ന്ന്.ഒരു പേഴ്സ് കൂടി വേണമെന്ന് പറഞ്ഞപ്പോൾ അതും കൈയ്യിൽകൊടുത്ത് പണ്ടെന്നെ സ്കൂളിൽ വിടുംപോലെ ടാറ്റ പറഞ്ഞുവിട്ടതാണ്!പിന്നെയിങ്ങോട്ട് ആ പഴയ അമ്മൂസായി വന്നിട്ടില്ല!
ഇന്നീ "കെട്ട് " എന്റെ കൈയിലിങ്ങനെ ഒതുങ്ങിയിരിക്കുമ്പോൾ എവിടെയൊക്കെയോ വല്ലാത്ത ഒരു നീറ്റൽ... കണ്ണുനിറഞ്ഞൊഴുകിയത് ഞാൻപോലും അറിയാതെയാണ്!തിരക്കിട്ടുജോലിചെയ്തുകൊണ്ടിരുന്ന അമ്മയെ വിളിച്ചു ഞാൻ ആ സാരിയിലെ കെട്ട് ഉയർത്തികാണിച്ചു!അമ്മ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു,"മറ്റുള്ളോർക്ക് കൊടുക്കാനുള്ളതല്ലെ മോളെ...കെട്ടഴിച്ചിട്ടേക്ക് "!
അതെനിക്ക് വളരെയെളുപ്പമാണ്...
അഴിച്ചുകളഞ്ഞാൽ പക്ഷെ അതുപോലിനിയൊരു കെട്ടിടാനും,അതുകണ്ട് വഴക്കുപറയാനും,കളിയാക്കാനും,ഒടുവിൽ സാരിയുടുപ്പിച്ചുകൊടുക്കാനും ഇനിയാരും അവശേഷിക്കുന്നില്ലെന്നുള്ള തിരിച്ചറിവാകാം...ഞാൻ അമ്മയോടായി പറഞ്ഞു, "ഇതിങ്ങനിരുന്നോട്ടെ അമ്മേ...ഈ സാരിയൊക്കെ ഇവിടുന്ന് പോവുന്നവരെയല്ലേയുള്ളു!ഇത് കിട്ടുന്നവര് അഴിച്ചെടുത്തോട്ടെ...!"
അത്രയും പറഞ്ഞ് ഞാൻ ബാക്കിസാരിത്തുമ്പുകളിൽകൂടി വെറുതെയൊന്നു കണ്ണോടിച്ചു.ഓരോന്നിലും എന്നോടുള്ള വാശിയ്ക്കെന്നോണം കെട്ടിട്ടുവച്ചിരിക്കുന്നു....
ചിലതൊക്കെ അങ്ങനെയാണ്!കാലത്തിന്റെ നന്നേ നേർത്ത നാരുകളിൽ നാംപോലുമറിയാതെ തൊട്ടുതലോടിപ്പോകുന്ന നിമിഷങ്ങൾ ഓർമ്മയുടെ അവശേഷിപ്പുകളുംപേറി കടലാഴങ്ങളിലേയ്ക്ക് ഒരിക്കൽ നമ്മെ കൊണ്ടുചെന്നെത്തിയ്ക്കാറുണ്ട്!വ്യക്തികളല്ല...ഓർമ്മകളാണ് പലപ്പോഴും നമ്മെ വീണ്ടും അവരിലേയ്ക്കടുപ്പിക്കുന്നത്!പണ്ട് നിസ്സാരമെന്ന് കരുതി അഴിച്ചുമാറ്റിയിരുന്ന കെട്ടുകളിൽ അരുതെന്ന് പറഞ്ഞ് ഇന്നെന്നെ പിടിച്ചുനിർത്തുന്ന,അവയ്ക്കുള്ളിൽ വരിഞ്ഞുമുറുക്കുന്ന മറ്റുപലതും ഉണ്ട്!ആദ്യമായും അവസാനമായും അമ്മു ഇട്ട് അഴിഞ്ഞുതുടങ്ങിയ കെട്ട് ഞാൻ ഒന്നുകൂടി മുറുക്കികെട്ടി...എന്നിൽ നിന്നൊരിക്കലും 'അഴിഞ്ഞും മറഞ്ഞും മറന്നും' പോകാത്തവിധം!
#അവശേഷിപ്പുകൾ!
Wednesday, 25 September 2019
Thursday, 22 August 2019
ജാതിയ്ക്ക
ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായി യാതൊരുവിധ ബന്ധവുമില്ല. ആരെയെങ്കിലും കുത്തിപ്പറയുന്നതായി നിങ്ങൾക്ക് തോന്നിയാൽ അത് യാദൃശ്ചികം മാത്രമാണെന്ന് പറഞ്ഞ് ഞാൻ അങ്ങ് ഖണ്ഡിക്കും!
അമ്മുമ്മയുടെ സഞ്ചയനദിവസം...
കർമ്മങ്ങളെല്ലാം പൂർത്തിയാക്കി ചിതാഭസ്മമൊഴുക്കാൻ ആബാലവൃദ്ധം ഒരുങ്ങി.കടലിലേയ്ക്കാണ് പോക്കെന്നറിഞ്ഞപ്പോൾ ഓടിനടന്ന കുഞ്ഞുങ്ങളും ചാടി നടന്ന കുഞ്ഞുങ്ങളുമെല്ലാം ഈ കാലൊടിഞ്ഞ വികലാംഗ കുഞ്ഞിനെ ഒറ്റയ്ക്കാക്കി "ഷിൻ ലിം"ന്റെ മായാജാലം കണക്ക് അര നിമിഷത്തിൽ അപ്രത്യക്ഷമായി!അങ്ങനെ ഈ കുഞ്ഞ് പുറത്തൊരു ദീവാനിൽ മഴയും കണ്ട് അവിടവിടെയായിനിന്ന് പുരാണം പറയുന്ന അയൽപക്കക്കാർ ചേച്ചിമാരെയൊക്കെ നോക്കി ചിരിച്ചും ചായ കുടിച്ചും ഇരിക്കുന്ന സമയം അതാ വരുന്നു നമ്മുടെ കഥാപാത്രം!ന്വോം ആദ്യമായി കാണുകയാണ്...മുൻപ്കണ്ട് പരിചയം ഇല്ലാത്തതുകൊണ്ട് സ്വയം പരിചയപ്പെടുത്തി.പറഞ്ഞുവരുമ്പോൾ ബന്ധുവാണ്.എഴുന്നേറ്റുനിന്ന് ബഹുമാനിക്കാനുള്ള ആരോഗ്യവും ത്രാണിയും ഇല്ലാത്തതുകൊണ്ട് 'ഇരിക്കൂ...' എന്നുപറഞ്ഞ് ഒരു പുഞ്ചിരിയോടെ ഞാൻ അല്പം നീങ്ങിയിരുന്നുകൊടുത്തു. ഇനിയങ്ങോട്ട് ചോദ്യാവലികൾ ആണ്!
ചോദ്യം 1: "അമ്മ ഇപ്പോ ഏത് സ്കൂളിലാ?"
ഞാൻ : "അമ്മയിപ്പോഴും കോട്ടയത്ത് തന്നെ...കുമരകം!🙂"
( " ) 2 : "ഞാനും ടീച്ചറാരുന്നു!ഇവിടെ അടുത്ത് (****###****)സ്കൂളിലൊക്കെ പഠിപ്പിച്ചിട്ടൊണ്ട്.പിന്നെ ദൂരം കൂടുതലായപ്പോ ട്രാൻസ്ഫർ വാങ്ങിച്ചങ്ങ് പോന്നു!"
ഞാൻ :"ആഹാ!മക്കളൊക്കെ എന്താ ചെയ്യുന്നേ?😊"
( " ) 3 :"മക്കൾ ഒക്കെ നല്ല നല്ല പൊസിഷനിലാ..നല്ല നിലേൽ!എല്ലാവർക്കും ഇഷ്ടംപോലെ കാശായി!ഞങ്ങളുണ്ടാക്കിയതിനെക്കാളും കൂടുതൽ അവരിപ്പൊത്തന്നെ ഉണ്ടാക്കീട്ടുണ്ട്!വീടും കാറും എല്ലാം!(പറയുമ്പോൾ മുഖത്തല്പം അഹങ്കാരം നിഴലിച്ചിരുന്നു) അല്ല.. മോളല്ലെ നെറ്റ് ഒക്കെ പാസായത്?"
ഞാൻ :"അതെ😇"
( " ) 4 :"അപ്പൊ നല്ല കാശൊണ്ടാക്കാല്ലോ!"
ഞാൻ :കാശുണ്ടാക്കാൻ മാത്രമല്ലല്ലോ അധ്യാപനം എന്ന് മനസ്സിൽ പറഞ്ഞെങ്കിലും ആഥിത്യമര്യാദയും ബഹുമാനവുമോർത്ത്... "ഇപ്പോ നല്ല പാക്കേജുണ്ട്..." എന്ന് മാത്രം പറഞ്ഞ് ചിരിച്ചുതള്ളി!
( " ) 5 :"ഇവിടിപ്പോ റോഡൊക്കെ വന്നകൊണ്ട് സ്ഥലത്തിനൊക്കെ മുമ്പത്തേലും നല്ലവിലയൊക്കെക്കിട്ടും അല്ലെ?"
ഞാൻ :🙂
ചടങ്ങുകളൊക്കെയും തറവാട്ടിൽ വച്ചാണ്.അപ്പൂപ്പനായിട്ട് പണിത കൊല്ലങ്ങൾ പഴക്കംചെന്ന വീടാണ്!ചുറ്റിനും കണ്ണോടിക്കുന്നതിനിടയിൽ കണ്ടതൊക്കെയും കുറ്റവും കുറവും മാത്രമായിരുന്നുവെന്ന് ആ മുഖത്തെ ഭാവമാറ്റങ്ങളിൽനിന്ന് എനിക്ക് വ്യക്തമായി വായിച്ചെടുക്കാമായിരുന്നു.സ്കാനിങ്ങും സർവേയും ഒരുവിധം ഒതുക്കി എന്നോടായി ചോദിച്ചു...
( " ) 6 :"നിങ്ങൾ ഇവിടല്ലല്ലോ അല്ലേ താമസിക്കുന്നേ?"
ഞാൻ :"അല്ല"
( " ) 7 :"കാറില്ലേ നിങ്ങക്ക്?"
ഞാൻ :"ഉണ്ട്"🙄
ചോദ്യങ്ങളങ്ങനെ അളന്നും തൂക്കിയും തുലാസിലാടിക്കൊണ്ടിരുന്നു!എല്ലാം ഒന്നിനൊന്ന് മെച്ചം!ഒരുപക്ഷേ ഞാൻ കണ്ടുമുട്ടിയ അധ്യാപകരിൽ നിന്നുമുണ്ടായ മുൻവിധികളാവാം എനിക്ക് തെറ്റിപ്പോയത്! ഇവരിൽ എവിടെയൊക്കെയോ ഒരല്പം മെറ്റീരിയലിസ്റ്റിക് ചിന്താഗതിയും അല്പത്തരവും ഇല്ലേ?അതോ എനിക്ക് മാത്രം തോന്നുന്നതാണോ...എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ,'വെറും തോന്നൽമാത്രമായി കാണണ്ട', എന്നുറപ്പിക്കാനെന്നവണ്ണം അതാ വരുന്നു അടുത്ത ചോദ്യം!
(ചുറ്റുംനിന്നിരുന്ന മുഖങ്ങളിൽ ചിലരെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് ) "അതെ.. ദേ അവരൊക്കെ നമ്മടെ കൂട്ടരാണോ?"
ഞാൻ
(ചോദ്യം വ്യക്തമാകാതെ) :"എന്താ? മനസ്സിലായില്ല !"
കുറച്ചുകൂടി എന്റെ അടുത്തേയ്ക്ക്ചേർന്നിരുന്ന് എനിക്ക് മാത്രം കേൾക്കുംവിധം പയ്യെ പറഞ്ഞു..
"അല്ലാ ഇവരൊക്കെ നായന്മാര് തന്നാണോന്ന്?നമ്മളെ കണ്ടാ നമുക്ക് തിരിച്ചറിയാൻ പറ്റുവേ...നമ്മടെ മുഖത്ത് പൊതുവേ ഒരു അന്തസ്സും ഐശ്വര്യവും ആഢ്യത്വവും ഒക്കെ ഉണ്ടാകും!ദേ..ആ പെണ്ണുമ്പിള്ളേയൊന്നും കാണാൻ ഒരു വർക്കത്തുമില്ല!അതാ ചോയ്ച്ചെ...ചോകോനൊ പെലയനോ മറ്റോ ആരിക്കുള്ളൂ..."
അതുവരെ എന്നെ നിയന്ത്രിച്ചടക്കിനിർത്തിയിരുന്ന വിനയവും എളിമയുമെല്ലാം ആ ചോദ്യത്തിൽ എരിഞ്ഞങ്ങില്ലാണ്ടായി...ഇതിനുള്ള എന്റെ മറുപടിയ്ക്ക് വാലിൽ തൂങ്ങാൻ മറുചോദ്യമോ മറ്റൊരുചോദ്യമോ ഉണ്ടാവാൻ പാടില്ലെന്നുള്ള നിശ്ചയദാർഢ്യത്തിൽ മുഖത്തൊരു ചിരിനിറച്ച്
ഞാൻ പറഞ്ഞു :"നായരാണോന്നറിയില്ല!എന്റെ കണ്ണിൽ നോക്കിയിട്ട് എന്തായാലും മനുഷ്യന്മാരാ...പിന്നെ നമ്മളെ പരസ്പരം തിരിച്ചറിയാൻ എനിക്ക് നല്ലോണം സാധിക്കുന്നുണ്ട്!ടീച്ചർക്കത്തിന് കഴിയുന്നുണ്ടോന്ന് ഒന്നൂടിയൊന്നിരുത്തി ആലോചിച്ചുനോക്കിക്കേ.മനുഷ്യന്മാരെന്നല്ലാതെന്താ നമ്മടെയൊക്കെ ജാതി"!
ഇത്രയുംപറഞ്ഞ് ഞാൻ ശ്രമപ്പെട്ട് എഴുന്നേറ്റ് "ഇരിക്കൂട്ടോ..ഞാൻ ഇപ്പൊ വരാം"എന്ന് പറഞ്ഞ് ഒരു ചെറിയ ചിരിയും പാസ്സാക്കി പതിയെ നടന്നു.പറഞ്ഞതിൽ യാതൊരു തെറ്റുമില്ലെന്നറിയാമെങ്കിലും പ്രായത്തിൽ മുതിർന്ന ഒരു വ്യക്തിയോടങ്ങനെ പറഞ്ഞതിലുള്ള കുറ്റബോധമാണോ,അവരുടെ മുഖത്തെ ജാള്യത കാണാതിരിക്കാനാണോ,അതോ ഇത്തരം ഇടുങ്ങിയചിന്താഗതികൾ പേറിനടക്കുന്ന വ്യക്തികളിൽ നിന്നുള്ള വിടുതലായിരുന്നോ...അറിയില്ല!ഞാൻ നടന്ന് നേരത്തേ പറഞ്ഞ ചേച്ചിമാരിൽ ഒരാളെ സമീപിച്ച് നമ്മുടെ ടീച്ചറെ ചൂണ്ടിക്കാട്ടി,"അവിടെ ഒരു ചായ കൊടുത്തേക്കണേ ചേച്ചി"ന്ന് പറഞ്ഞു.കേട്ടപാടെ അതാ ഓടുന്നു ചായയും കൊണ്ടൊരു ചേച്ചി!ആരാന്നാ.... "നമ്മടെ വർക്കത്തില്ലാത്ത പെണ്ണുംപിള്ള"!
"സോറി കേട്ടോ...കണ്ടില്ല വന്നിരുന്നത്!അതാ ചായ കൊണ്ടുവരാഞ്ഞേ...ഞങ്ങളെ ഏല്പിച്ചിട്ടാ ഇവിടുള്ളോരൊക്കെ അസ്ഥിയൊഴുക്കാൻ പോയതേ..അല്ല,ചേച്ചിയെന്താ ചായയെടുക്കാത്തെ?എടുക്കെന്നെ !"
രണ്ടുമൂന്നുവട്ടം നിർബന്ധിച്ചപ്പോൾ സഹികെട്ട് ടീച്ചർ ഒരു കപ്പ് ചായ എടുത്ത് വിഷമിറക്കുന്നതുപോലെ ചുണ്ടോടു ചേർത്തു!അപ്പോഴേയ്ക്കും ചേച്ചി ടീച്ചർക്കായി രണ്ട് മൂന്ന് പ്ലേറ്റ് പലഹാരങ്ങളും കൊണ്ടുവന്ന് നിരത്തി..."വർക്കത്തില്ലാത്ത" ആ മുഖത്തെ കരുതലും സ്നേഹവും തിരിച്ചറിയണമെങ്കിൽ "വർക്കത്തുള്ളൊരു"മനസ്സ് വേണം!ടീച്ചർക്കതെന്നെങ്കിലും ദൈവം കൊടുക്കട്ടെ!ടോയ്ലറ്റിലേയ്ക്കെന്നും പറഞ്ഞുപോയ ടീച്ചറെ പിന്നെ ഞാൻ കണ്ടില്ല!എല്ലാവരും മടങ്ങിയെത്തിയതിന്റെ തിരക്കിൽ ഞാൻ അതങ്ങ് മറന്നു...പിന്നീടോർമ്മ വന്നപ്പോൾ അമ്മയോടിക്കാര്യം സൂചിപ്പിച്ചു.
"എന്റെ മോളെ...എന്നാലും നീ അങ്ങനെ പറഞ്ഞോ?" വലത് കൈകൊണ്ട് വായും പൊത്തിനിൽക്കുന്ന അമ്മയെകണ്ടപ്പോൾ ഞാൻ ചെയ്തത് അത്രവലിയൊരു അപരാധമായിപ്പോയോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി...പിന്നെ ഓർത്തു,മറ്റാരെങ്കിലും കേട്ടാൽ പ്രതിച്ഛായ തകരുന്ന എന്തോ ഒന്ന് അവരുടെ സംഭാഷണത്തിൽ ഉണ്ടെന്ന് സ്വബോധം ഉള്ളതുകൊണ്ടാവുമല്ലോ ഞാൻ മാത്രമേ
കേൾക്കാൻ പാടുള്ളൂ എന്ന ഉദ്ദേശത്തിൽ എന്നോട് ചേർന്നിരുന്ന് ഒരു വ്യക്തിയെ ജാതിപറഞ്ഞും ബാഹ്യസൗന്ദര്യം കൊണ്ടുവിവേചനം ചെയ്തതും!
നമ്മുടെ മുൻതലമുറ നമ്മേക്കാൾ എന്തുകൊണ്ടും ഒരുപടി മുകളിൽ തന്നെയാണ്!ചിന്താശക്തിയിലും വിവേചനബുദ്ധിയിലും മാനുഷികമൂല്യങ്ങളിലുമെല്ലാം!പക്ഷെ ചിലപ്പോഴൊക്കെ മതാചാരങ്ങളാലും മാമൂലുകളാലുമുള്ള മൂല്യച്യുതികളിൽപെട്ട് ജാതീയതയും,വിവേചനവും പിന്തുടർച്ചകളാകുന്നതിനിടയിൽ അൽപനേരം സ്വത്വാന്വേഷണം നടത്തുന്നത് വളരെ ഉപകാരപ്രദമായിരിക്കും!ഇതൊക്കെ നമ്മളായിട്ടുണ്ടാക്കിയതാണെന്നും,'പ്യുർ ബ്രെഡ്,ഹൈബ്രിഡ്,നാടൻ' എന്നിങ്ങനെ പട്ടിയെയും പൂച്ചയേയും വേർതിരിക്കുംപോലെ മനുഷ്യന്മാരെയും പലതട്ടിലിട്ട് തുലനം ചെയ്യരുതെന്നും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഈ നാട്ടിലുള്ളൂ...
എന്റെ അച്ഛന്റെ ഞാൻ കണ്ടതിൽവച്ച് ഏറ്റവും നല്ല 'ക്വാളിറ്റി',അറിവ് പകരുന്നയാളുടെ പ്രായം അച്ഛനൊരു പ്രശ്നമേയല്ലെന്നുള്ളതാണ്!ഒരു വാക്കിന്റെ സ്പെല്ലിങ്ങോ,അല്ലെങ്കിലൊരു വരിയിലെ ഗ്രാമർ മിസ്റ്റേക്കോ,അതുമല്ലെങ്കിലൊരു വസ്തുതയെക്കുറിച്ചോ,ശരിതെറ്റുകളെക്കുറിച്ചോ ചോദിച്ചറിഞ്ഞുപഠിക്കുന്നതിനിടയിൽ പറഞ്ഞുതരുന്നയാൾ ഒരു കുഞ്ഞുകുട്ടിയാണോ എന്നുള്ള മാനദണ്ഡങ്ങളൊന്നുമില്ല!ടീച്ചർക്കും ഞാൻ അച്ഛന് പറഞ്ഞുകൊടുക്കുംപോലെ പറഞ്ഞുകൊടുത്തു.അങ്ങനെയോർത്തപ്പോൾ എന്റെ സങ്കടം അങ്ങ് മാറി.നാളെ ഒരാളോടങ്ങനെ സംസാരിക്കാൻ സാഹചര്യം ഉണ്ടായാൽ തീർച്ചയായും ടീച്ചറിതോർക്കും!എനിക്കതുമതി...
നിങ്ങൾക്കുമാവാം!മുതിർന്നവർ നിങ്ങളെ പഠിപ്പിച്ച പലനന്മകൾക്കും അറിവുകൾക്കും പകരമായി തിരുത്തേണ്ടുന്ന തെറ്റുകൾ തിരുത്തേണ്ടുന്ന സമയത്ത് തിരുത്തുകതന്നെ വേണമെന്ന് പറഞ്ഞുപഠിപ്പിക്കാം!
ജയ് മഹിഷ്മതി💪
.
.
അയ്യോ..കഥയ്ക്ക് പേരിടാൻ മറന്നു!ഇനി അതിന്റെയൊരു കുറവ് വേണ്ട!
ഞാൻ അവതരിപ്പിക്കുന്ന ഈ നാടകത്തിന്റെ പേര്..... 😎🎤
.
.
.
"മഴയത്തൊലിച്ച 'ജാതി 'യ്ക്ക"
📢📢📢📢📢📢📢📢📢📢📢📢