അന്യോന്യം കോർത്തുപിടിച്ചിരുന്ന കൈകൾ വിടുവിച്ച് അയാൾ അവളിൽ നിന്നും തിരിഞ്ഞുനടന്നു.പഴകി ദ്രവിച്ചുതുടങ്ങിയ കടൽപ്പാലത്തിനുമേൽ അവന്റെ കാൽവയ്പ്പുകൾ ശക്തിയിൽ പതിഞ്ഞുകേട്ടു.ആ ശബ്ദം തിരമാലകൾ കരയ്ക്ക് നൽകിയ ചുംബനങ്ങളേക്കാൾ ഉച്ചത്തിൽ അവൾക്ക് കേൾക്കാമായിരുന്നു.അവൾക്ക് മടങ്ങാൻ സമയമായിട്ടില്ല.പുലർച്ചെയാവാൻ ഇനിയും ഒരുപാട് നാഴിക ബാക്കിയായി നിൽക്കുന്നു.കറുത്ത കടലും, കാർമേഘത്താൽ മൂടപ്പെട്ട ആകാശവും വേർതിരിച്ചറിയാൻ കഴിയാത്തവണ്ണം നിബിഢമായി അവളെ ചുറ്റപ്പെട്ടിരുന്നു.അതിനിടയിൽ തളംകെട്ടിനിന്ന അവളുടെ മൂകത അവന്റെ നിഴലിനെ അങ്ങ് ദൂരെവരെ പിൻതുടർന്നുകൊണ്ടേയിരുന്നു. പെട്ടെന്നാ നിഴൽ തിരിച്ച് അവളിലേക്ക്തന്നെ അടുക്കുന്നതായി കാണപ്പെട്ടു.ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള അവന്റെ ഓരോ കാൽവയ്പ്പുകളും അവൾക്ക് ഇന്നലെയുടെ ഓർമ്മപ്പെടുത്തലുകളായിതോന്നി...
അതെ,ഇന്നലെ കണ്ടുമുട്ടിയവർ!വെളുത്ത് ഉയരംകൂടി വശ്യമായ ചിരിയുള്ള ഐറിഷുകാരന്, കടും ബ്രൗൺ നിറത്തിൽ ചായംതേച്ച് മിനുക്കിയ തോളുവരെമാത്രം മുടിയുള്ള ക്യാലിഫോർണിയക്കാരി.. അതായിരുന്നു എന്റേയും മറ്റുള്ളവരുടേയും കണ്ണിൽ അവർ !അയാൾക്ക് അമേരിക്കൻ ഇംഗ്ലീഷോ അവൾക്ക് ഐറിഷ് ഭാഷയോ അറിയില്ല!എന്നിട്ടും അവർ അവരുടെ ഭാഷയിൽ പരസ്പരം സംസാരിച്ചു.അതിൽ കഥയും,കവിതയും,രാഷ്ട്രീയവും,യാത്രയും,പ്രണയവും,വിരഹവും,പ്രകൃതിയും,മനുഷ്യനും,മഴയും,കടലും,വേദനയും എല്ലാം നിറഞ്ഞുനിന്നിരുന്നു...
പകൽ രാത്രിയ്ക്ക് വഴിമാറി!നിയോൺ ലൈറ്റുകൾ മിന്നിയും മങ്ങിയും കുടചൂടിനിന്ന ആ ആളൊഴിഞ്ഞ പാതയിൽവച്ച് അവർ പരസ്പരം ചുംബിച്ചു...പിന്നെയുണ്ടായ വികാരത്തള്ളിച്ചയിൽ തികച്ചും യാന്ത്രികമായി അവർ പരസ്പരം മനസ്സും ശരീരവും പങ്കിട്ടു!അവൾ അയാളിൽ അത്രമേൽ പടർന്നിരുന്നതുകൊണ്ടാവാം,നാളുകളായി അടച്ചുപൂട്ടിയ ആ മുറിയിലെ കടുത്ത, തീക്ഷ്ണ ഗന്ധംപോലും അയാളറിഞ്ഞിരുന്നില്ല.അങ്ങനെ കിടന്ന് അവർ വീണ്ടും ഒരുപാട് സംസാരിച്ചു.പ്രസവത്താൽ ഉണ്ടായ പാടുകൾ അവളുടെ വയറിൽ അങ്ങിങ്ങ് അഭംഗി സൃഷ്ടിച്ച് മുഴച്ചും പൊന്തിയും നിന്നിരുന്നു.അവയിൽ മെല്ലെ വിരലോടിച്ച് അയാൾ അവളെ കുറെക്കൂടി ചേർത്തുപിടിച്ച് പറഞ്ഞു," ഈ പൂർണ്ണതയില്ലായ്മയാണ് നിന്റെ സൗന്ദര്യം..എന്നും നീ അപൂർണ്ണയായിരിക്കട്ടെ!"
അയാൾ നടന്നവളുടെ അടുത്തെത്തിയിരിക്കുന്നു.രണ്ട് നിമിഷം മൗനം അവർക്കിടയിൽ സംസാരിച്ചു.പിന്നെ അയാൾ രണ്ടുകൈകൾകൊണ്ട് അവളുടെ മുഖം ചേർത്തുപിടിച്ച് നെറ്റിയിൽ നേർത്ത ഒരു ചുംബനം നൽകി പറഞ്ഞു," ഈ വേദന എനിക്കൊരുപാട് ഇഷ്ടമാണ് !ഇതെന്നെ വല്ലാതെ കൊന്നുതിന്നുന്നുണ്ട്..ഇതുമതി എനിക്കെന്നും നിന്നെയോർക്കാൻ.യാത്ര പറയുന്നില്ല.. ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാവാതിരിക്കട്ടെ!"
ഇത്തവണ അയാളുടെ കാൽവയ്പ്പുകൾ അവൾ കേട്ടതില്ല!നടന്നകലുന്ന നിഴലും അവൾ കണ്ടില്ല.അവൾ അയാളിൽ മുഴുവനായി അലിഞ്ഞില്ലാതായതുകൊണ്ടാവാം..അവൾക്ക് ചുറ്റിനും ഇരുട്ടായിരുന്നു,അയാളുടെ കണ്ണുകളിലെപ്പോലെ... !
കടൽപ്പാലമിറങ്ങി വേച്ചുവേച്ച് അയാൾ എന്റെ കാറിന് സമീപം എത്തി.ആ കണ്ണുകൾമാത്രം ഇരുട്ടിലും തിളങ്ങിനിന്നിരുന്നത് ഞാൻ അപ്പോൾ കണ്ടു.അദ്ദേഹത്തെ വണ്ടിയുടെ പിൻസീറ്റിലിരുത്തി എയർപോർട്ടിലേയ്ക്ക് വണ്ടിതിരിച്ചു.എയർപോർട്ട് എത്തി ബാഗും സാധനങ്ങളും ഭദ്രമായി അദ്ദേഹത്തെ ഏൽപ്പിച്ചു.എന്നെ കെട്ടിപ്പിടിച്ച്,ഞാൻ ആവശ്യപ്പെട്ടതിലധികം പണവും എന്റെ കൈകളിൽ മടക്കിവച്ച് ആ അന്ധൻ തിരിഞ്ഞുനടക്കാനൊരുങ്ങവേ ഞാൻ തടഞ്ഞുനിർത്തി ചോദിച്ചു,"തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കണം, ചോദിക്കാതിരിക്കാൻ ആവുന്നില്ല!ശരിക്കും അവർ നിങ്ങൾക്കാരായിരുന്നു...?"
ചോദ്യംകേട്ട് അയാളൊന്ന് പുഞ്ചിരിച്ചു.പിന്നെ എന്റെ തോളിൽ കൈവച്ചു നിശബ്ദമായി തിരിഞ്ഞുനടന്നു...ഉത്തരം ഉണ്ടാകില്ല എന്ന് ബോധ്യമായപ്പോൾ ഞാനും എന്റെ കാറിനെ ലക്ഷ്യമാക്കി തിരിഞ്ഞു,പെട്ടെന്ന് പിന്നിൽനിന്ന് അയാൾ എന്റെ പേര് ഉറക്കെ വിളിച്ചു.ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അയാൾ എന്നോടായി പറഞ്ഞു... "എനിക്കതിനുള്ള ഉത്തരം എന്നെങ്കിലും കിട്ടുകയാണെങ്കിൽ ഞാൻ നിന്നെ തീർച്ചയായും അറിയിക്കാം!നീ അവളെയും അറിയിക്കണം..."!
തിരിച്ച് വീട്ടിലേയ്ക്ക് അതേ കടൽപ്പാലം വഴിയായിരുന്നു ഞാൻ കാറോടിച്ചിരുന്നത്.അവിടെയെത്തിയപ്പോൾ എന്റെ കണ്ണുകൾ അറിയാതെ അങ്ങ് ദൂരെ ആ സ്ത്രീയെ തിരഞ്ഞിരുന്നു.അവിടെ ഇരുട്ടല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല. ഒരുപക്ഷേ അവർ അയാൾക്ക് ഇരുട്ടായിരുന്നിരിക്കാം...അയാളിൽ എന്നും നിറഞ്ഞുനിൽക്കുന്ന അപൂർണ്ണമായ,അനാദിയായ 'ഇരുട്ട്' എന്ന കടുംനിറം!
Thursday, 14 June 2018
Subscribe to:
Comments (Atom)