Wednesday, 13 September 2017

            
                "മോളെ ഈ മെയിലിൽ എങ്ങനെയാ നമ്മൾ ഫയൽ അറ്റാച്ച് ചെയ്യുന്നേ?" തിരക്കിട്ട് ഫോണിൽ സുഹൃത്ത്ബന്ധങ്ങൾ പുതുക്കിക്കൊണ്ടിരുന്ന എനിക്ക് പെട്ടെന്ന് ദേഷ്യം സഹിക്കാനായില്ല.ഞാൻ അല്പം കടുപ്പിച്ച് പറഞ്ഞു, "ഇതുതന്നെയല്ലേ ഞാൻ ഇന്നലെയും അച്ഛന് പറഞ്ഞുതന്നത്.ഇതിപ്പോ ഒരേകാര്യംതന്നെ എത്രവട്ടമായി ചോദിക്കുന്നു.മാറ്,ഞാൻ ചെയ്തുതരാം.ഇല്ലെങ്കിൽ ഇന്നെങ്ങും തീരില്ല"."നീ ചെയ്യണ്ട,എനിക്ക് പറഞ്ഞുതന്നാ മതി.ഞാൻ മറന്നുപോയിട്ടല്ലേ"."വേണ്ട!എന്നിട്ട് വേണം എന്റെ ഒരുമണിക്കൂർ കളയാൻ".അതുംപറഞ്ഞ് തിടുക്കത്തിൽ പണിതീർത്ത് ഞാൻ പടികയറി മുറിയിലെത്തി വാതിൽ വലിച്ചടച്ചു.
            അന്നങ്ങനെ വലിച്ചടയ്‌ക്കേണ്ടിയിരുന്നോ? 'ഓൺ പ്രൈവറ്റ് സ്പേസ് ' എന്ന് ഞങ്ങൾ യുവതലമുറ വിശേഷിപ്പിക്കുന്ന എന്റെ സ്വകാര്യതയിലേയ്‌ക്ക്  ഇനി മേലാൽ കടന്നുവരരുത് എന്നൊരു താക്കീതായി അച്ഛനത് തോന്നിക്കാണുമോ?അറിയില്ല!
              പണ്ട്,അച്ഛന്റെ എയ്റ്റീസ് മോഡൽ ബുള്ളറ്റിന്റെ മുന്നിലിരുന്ന്‌ യാത്രചെയ്യുമ്പോൾ കുഞ്ഞുശിലൂട്ടന് വാതോരാത്തത്ര സംശയങ്ങളായിരുന്നു.മുറിമലയാളത്തിൽ അല്പം കുറുമ്പുംകാട്ടി കൊഞ്ചിചോദിക്കും,"അച്ഛാ,നമ്മള് വണ്ടീ പോവുമ്പോ ഈ മരങ്ങളൊക്കെ എന്തിനാ പുറകോട്ടോടണെ... ?" അമ്പിളിയമ്മാവനെന്തിനാ നമ്മടെ കൂടെ ഓടണെ... ?" പിന്നെയൊണ്ടല്ലോ, ഇന്നലെ ഉറുമ്പ്‌ വീണ 'ഹോർലിക്സ് ' എനിക്ക് വേണ്ടെന്ന് പറഞ്ഞപ്പോ രജനിച്ചേച്ചി പറഞ്ഞു അത് കുടിച്ചിട്ട് ജനലിന്റെ പടിയിൽകേറി നിന്നാ 'ഗോവ' കാണാൻ പറ്റുംന്ന്‌.പക്ഷെ ഞാൻ നോക്കിട്ട് ഒന്നും കണ്ടില്ല!ചിലപ്പോ കൊറേ കുടിച്ചാ കാണാൻപറ്റുമായിരിക്കും അല്ലേ അച്ഛാ...?" അങ്ങനെ ഓരായിരം ചെറിയ വലിയ സംശയങ്ങൾ....
             അന്നച്ഛൻ എന്റെ അറിവില്ലായ്മയെ കളിയാക്കിചിരിച്ചിരുന്നില്ല!തന്റെ തിരക്കുകളുടെ പേരുപറഞ്ഞ് എന്നെ നിരാശപ്പെടുത്തിയിരുന്നില്ല!ഒരു കൊച്ചുകുട്ടിയിലേക്കിറങ്ങിവന്ന്‌,അവളുടെ കൗതുകത്തെ,തീക്ഷ്ണതയെ ആസ്വദിച്ച്,ഓരോ കുഞ്ഞ് സംശയങ്ങളും ദൂരീകരിച്ചുതന്നു.ആ അച്ഛൻ ഇന്നും ആ അച്ഛൻ തന്നെ!പക്ഷെ ആ മകൾ ചിലപ്പോഴൊക്കെ അവളല്ലാതായിമാറുന്നില്ലേ?
             ഇന്നലെ ഒരു വലിയ കുടുംബത്തിലേയ്ക്കൊരുകൊച്ചു യാത്രപോയി.ഇരുപത്തെട്ട് പേരടങ്ങുന്ന ഒരു കുടുംബം!അവിടുത്തെ കൗതുകമുണർത്തുന്ന കാഴ്ച്ച,ഏവർക്കും ഏറെക്കുറെ ഒരേ പ്രായമാണെന്നുള്ളതാണ്- 'വൃദ്ധർ' എന്ന് ഒറ്റവാക്കിൽ പറയാം!പെട്ടെന്നാണ് രണ്ട് സുന്ദരികൾ എന്നെ വളരെയധികം ആകർഷിച്ചത്.ദേവകിയും,രുഗ്‌മിണിയും!വഴങ്ങാത്ത ശരീരത്തെ മനസ്സുകൊണ്ട് കീഴ്‌പ്പെടുത്തി രണ്ടുപേരും ചുറുചുറുക്കോടെ എന്റെ അരികിലേയ്ക്ക് ഓടിവന്നു.പിന്നെ പേരും,നാളും,ജാതകവും ഒക്കെ അന്വേഷിക്കലായി.ഞാൻ സംസാരിച്ചുകൊണ്ടിരിക്കവേ രണ്ടുപേരും എന്റെ മുഖത്തും മുടിയിലും കൈയ്യിലും ഒക്കെ തലോടിക്കൊണ്ടിരുന്നു.പിന്നെ മറ്റെങ്ങോട്ടും പോകാനനുവദിക്കാതെ.. കളഞ്ഞുപോയതെന്തോ തിരിച്ചുകിട്ടിയതുപോലെ...എന്നെ ചേർത്തുപിടിച്ചു ! എന്നിലൂടെ മറ്റാരെയൊക്കെയോ നേടിയെടുത്തതിന്റെ ആഹ്ലാദം തിമിരം ബാധിച്ച ആ കണ്ണുകൾ എന്നോട് പറഞ്ഞു....
              രുഗ്മിണി മുത്തശ്ശി നല്ല സുന്ദരിയാണ്‌.ഒറ്റപല്ലുപോലും ഇല്ല!അതുകൊണ്ടുതന്നെ ചിരിക്കുമ്പോൾ മുഖത്ത് ഒരു പ്രത്യേകഭംഗി വരും.ഗൗരി മുത്തശ്ശിയ്ക്ക് മോണകാട്ടിയുള്ള ചിരിയാണ്."ഗൗരി", അതല്ല പേര്,"ദേവകി"!മറന്നിട്ടല്ല,അങ്ങനെ വിളിക്കാൻതോന്നി,വിളിച്ചു...മറുത്തൊന്നും പറഞ്ഞില്ല!"എന്നെ അല്ലെങ്കിലും ഇവിടാരും ദേവകീന്ന്‌ വിളിക്കാറില്ല,"തുറവൂരമ്മ",അങ്ങനാ വിളിക്കാറ്!ദേവകീന്ന പേരില് ഇവിടെ വേറെ നാല് പേരുകൂടിയുണ്ടെ...സ്ഥലപ്പേരാവുമ്പോ തെറ്റില്ലാല്ലോ"!
               തിരിച്ച് കൂട്ടിക്കൊണ്ടുപോവാൻ ഇനിയാരും വരില്ലെന്ന തിരിച്ചറിവ് നേടിയവരുടെ മുഖത്ത്‌ മാത്രം ചിരി നിറഞ്ഞുനിന്നു.ആറും,എട്ടും,പത്തും വർഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട 'പ്രായംചെന്ന ചിരി'.പുതിയ അന്തേവാസികൾ അപ്പോഴും ചിരിക്കാൻ മറന്ന്, ഞങ്ങൾക്കിടയിൽ മറ്റേതോ മുഖങ്ങൾ തിരഞ്ഞുകൊണ്ട് ജനൽപ്പാളിയിലൂടെ പുറത്തെ പ്രതീക്ഷകളസ്തമിക്കാത്ത വഴിയിലേയ്ക്ക് കണ്ണുംനട്ടിരുന്നു.
            കഥകൾ പലതും പിന്നിലങ്ങനെ മുഴങ്ങിക്കേട്ടു."എനിക്ക് പിന്നെ ഭാര്യയും മക്കളുമൊന്നും ഇല്ലാഞ്ഞിട്ടാന്നെങ്കിലും പറയാം.ഇവന്റെ കാര്യം അറിയ്യോ,ആറേക്കർ സ്ഥലമുണ്ടായിരുന്നത് മൂന്ന് മക്കളുടെ പേരിലെഴുതിക്കൊടുത്തതിന്റെ പിറ്റേന്ന് കിട്ടി ഇവന് പണി.ആകെ സമ്പാദ്യമായുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയും വാങ്ങിച്ചെടുത്ത് അതീന്നൊരു ഇരുപത്തയ്യായിരമെടുത്തു പോലീസുകാരന് കൈമടക്കുംകൊടുത്ത്‌ ഇവിടെ കൊണ്ടുവന്നങ്ങ് തള്ളി."കഥകേട്ട് ഹാളിലൊരു കൂട്ടച്ചിരി മുഴങ്ങി.
              ഊണും ഒന്നിച്ചിരുന്നാണ് കഴിച്ചത്.ഉപ്പ് കുറഞ്ഞു,എരിവ് കൂടി,അത് നന്നായില്ല,ഇത് നന്നായില്ല അങ്ങനെയുള്ള യാതൊരു പരാതികളും ആരും പറഞ്ഞുകേട്ടില്ല.അന്നത്തെ അന്നത്തിന് നന്ദിപറഞ്ഞു പ്രാർത്ഥിക്കുന്ന ചില മുഖങ്ങളേയും അവിടെ കണ്ടു.ഓരോരുത്തരോടായി യാത്രപറയവെ ഗൗരി മുത്തശ്ശി മറ്റാരോടോ സംസാരിക്കുന്നത് കേട്ടു,"നാളെ ചിങ്ങത്തിലെ പൂരൂരുട്ടാതി എന്റെ പിറന്നാളാണ്‌.എനിക്കും രുഗ്മിണിയ്ക്കും മാത്രം അറിയാം.ഇവിടെ എന്ത് പിറന്നാളാഘോഷം".കേട്ടപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു.എന്തൊക്കെയോ ചെയ്യണമെന്നുണ്ടായിരുന്നു,പക്ഷെ ഞാൻ ഒന്നും ചെയ്തില്ല.ജോലി കിട്ടിയിട്ട് ഒരുദിവസം വീണ്ടും വരാം എന്നൊരു വാക്കുമാത്രം കൊടുത്ത്‌ എല്ലാവരേയുംപോലെ ഞാനും എന്റെ  തിരക്കുകളിലേയ്ക്ക് മടങ്ങി.യാത്രപറയവെ ഗൗരിമുത്തശ്ശി എന്നെ ചേർത്തുപിടിച്ച് കവിളത്ത് അമർത്തിയൊരുമ്മ തന്നു.പിന്നെ ഞാൻ കണ്ണിൽനിന്ന് മായുന്നതുവരെ ആ കൈകളെനിക്ക് യാത്രപറഞ്ഞുകൊണ്ടേയിരുന്നു....
             വീട്ടിലെത്തി കുളിച്ചു വൃത്തിയായി അല്പമൊന്നുവിശ്രമിക്കാനും,അന്നത്തെ മുഴുവൻ വിശേഷങ്ങളുമറിയാൻ ഫോൺ കൈയ്യിലേയ്ക്കെടുക്കുകയും,താഴെനിന്ന് അച്ഛന്റെ വിളിവന്നു."മോളെ,ഇങ്ങോട്ടൊന്ന് വര്വോ?ഞാനീ മെയിലിൽ എങ്ങനെയാ ഫയൽ അറ്റാച്ച് ചെയ്യുന്നേന്ന്‌ മറന്നുപോയി.ഒന്ന് പറഞ്ഞുതന്നിട്ട് പൊയ്ക്കോ".ഞാനൊന്നു ചിരിച്ചു.ഫോൺ മുറിയിലിട്ട് അച്ഛനൊപ്പം പോയി ഇരുന്നു.എന്നിട്ട് ഓരോന്നായി പറഞ്ഞ് പഠിപ്പിച്ചുകൊടുത്തു. നാളെ അച്ഛനിത് മറക്കുമെന്നും,ഇതേ ചോദ്യംതന്നെ ഇനിയും ആവർത്തിക്കുമെന്നും അറിയാഞ്ഞിട്ടല്ല!ചോദിക്കട്ടെ...നൂറും ആയിരം തവണയും ചോദിക്കട്ടെ...!പറഞ്ഞുകൊടുക്കാൻ ഞാൻ ബാധ്യസ്‌ഥയാണ്.അന്ന്, അച്ഛനിലെ ആ കൊച്ചുകുട്ടിയിലേയ്ക്ക് ഞാനും ഇറങ്ങിച്ചെന്നു...ഓരോ കുഞ്ഞുസംശയങ്ങളേയും ദൂരീകരിച്ചു.കാലം ആവർത്തിക്കുമ്പോൾ ആ പഴയ അച്ഛനും മകളും അതേ മോഡൽ ബുള്ളറ്റിലിരുന്ന് വീണ്ടും യാത്രചെയ്തു....
              കഥ ഇവിടെ അവസാനിക്കുന്നു.ഇനിയങ്ങോട്ട് വൃത്തമോ,വ്യാകരണമോ,കുത്തോ,കോമയോ ഒന്നുമില്ല.ഒരല്പം കാര്യം മാത്രം!
              ഇതെന്റെ അനുഭവങ്ങളാണ്... എന്റെ കഥയാണ്‌!പക്ഷെ ഈ കഥയ്ക്കൊരു പ്രത്യേകതയുണ്ട്.എന്റെ സ്ഥാനത്ത് നിങ്ങളോരോരുത്തരേയും സങ്കൽപ്പിച്ചുനോക്കിയാൽ,ദാ ഈ നിമിഷം നിങ്ങൾക്കൊരു കഥ ലഭിക്കും.നിങ്ങളുടേത് മാത്രമായ ഒരു കഥ!കഥയുടെ തുടക്കം മാതാപിതാക്കളുടെ സ്നേഹത്തിൽനിന്നായതുകൊണ്ട് എന്നും മധുരിക്കുന്നതായിരിക്കും.ഒടുക്കം മധുരമാക്കണോ കയ്‌പ്പേറിയതാക്കണോ എന്നുള്ളത് നമ്മുടെ കൈകളിലാണ്.'വാളെടുത്തവൻ വാളാൽ' എന്ന് പറയുന്നതുപോലെ,പഴക്കംചെല്ലുമ്പോൾ വലിച്ചെറിഞ്ഞുകളയുന്ന വസ്ത്രം കണക്ക്,വൃദ്ധസദനങ്ങളിലേയ്ക്ക് മാതാപിതാക്കളെ കൊണ്ടുചെന്ന്‌ തള്ളുമ്പോൾ,ഭാവിയിലേയ്ക്ക് ഒരുമുറികൂടി ബുക്ക് ചെയ്‌തിട്ടേക്കൂ എന്ന ക്ലീഷേ വാചകങ്ങളിലേയ്‌ക്കൊന്നും  ഞാൻ കടക്കുന്നില്ല.പക്വമായ ഒരു മനസ്സുണ്ടെന്ന് സ്വയം അവകാശപ്പെടുന്നവർക്ക് ഇതേപ്പറ്റി ചിന്തിയ്ക്കാം!ഇനി,അതിബുദ്ധിപരമായി കാലേക്കൂട്ടി തന്റെ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേയ്ക്ക് തള്ളിവിട്ട നല്ലമക്കളോടായി പറയുകയാണ്‌,
              ചിലരുണ്ട്....ചുറ്റിനും നിറങ്ങൾ പരത്തുന്നവർ...! സ്നേഹത്തിന്റെ, നന്മയുടെ, ആത്മബന്ധത്തിന്റെ കടുത്ത നിറങ്ങൾ.....മറ്റുചിലരുണ്ട്....നിറങ്ങളും,നിറക്കൂട്ടുകളുമെല്ലാം കൈവശമുണ്ടായിട്ടും ഒരു ക്യാൻവാസിലേയ്ക്ക് അവ പകർത്തി,നിറങ്ങളെ അവയുടെ പൂർണതയിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കാത്തവർ!അവരൊന്ന് മനസ്സിലാക്കണം,ഈ ഭൂമിയിലെ ഏറ്റവും വലിയ സ്വർഗ്ഗം നമ്മുടെ കൊച്ചുകുടുംബം തന്നെയാണ് ! ആ സ്വർഗ്ഗത്തിലേയ്ക്ക് പല ഘട്ടങ്ങളിലായി പല മുഖങ്ങളും വന്നുപോവും.ഒന്നിന്റെ കടന്നുവരവ് മറ്റൊന്നിന്റെ മാറ്റ് ഒരല്പംപോലും കുറയ്ക്കുന്നില്ല.പക്ഷെ ഒന്നിന്റെ കടന്നുപോക്ക് സൃഷ്ടിക്കുന്ന ശൂന്യത മറ്റൊന്നിന് നികത്താനുമാവില്ല!
               സൃഷ്ടിയുടെ കാലത്ത്, ബാല്യത്തെ കാക്കാൻ സ്വയം ഹോമിച്ച യൗവ്വനത്തിന്, വാർധക്യകാലത്ത് അതേ ബാല്യം തന്റെ യൗവ്വനം സമ്മാനിക്കുന്നു...അത്ര മനോഹരമായ ഒരു കൊടുക്കൽ വാങ്ങൽ ഈ ഭൂമിയിൽ വേറെയില്ല!എല്ലാവർക്കും ഈശ്വരൻ നല്ലതുമാത്രം തോന്നിപ്പിക്കട്ടെ...

(Nb: തിരുത്താൻ പറ്റുന്ന ചില തെറ്റുകളുണ്ട്.തിരുത്തുമ്പോൾ ഒരു വലിയ ശരിയായി മാറുന്നവ.അവയ്ക്ക് മധുരമേറും.എന്റെ അച്ഛനാണ്..എന്റെ അമ്മയാണ്..എന്ന ബോധ്യം വരുന്നിടത്ത് പ്രായംമറന്ന് അവരെ ചേർത്തുപിടിക്കാം,നെറ്റിയിലൊരുമ്മവയ്ക്കാം..ചില തെറ്റുകൾ ക്ഷമിക്കാം.നാളെ ഒരുപടി ഉയരത്തിൽ നിങ്ങളെ നോക്കിക്കാണാൻ അത് വഴിയൊരുക്കും.തീർച്ച! "അമ്പാട്ടി...എന്റെ ഗൗരിമുത്തശ്ശിയെ കാത്തോണേ!പിറന്നാളുകാരിയ്ക്ക് എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടോന്നറിയില്ല.എന്തെങ്കിലുമുണ്ടെങ്കിൽ അതങ്ങ് സാധിച്ചുകൊടുത്തേക്കണേ.ഗൗരിമുത്തശ്ശിയുടെ സ്ഥാനത്ത് മറ്റൊരു ഗൗരി ഇനി വരരുതെന്നുള്ള എന്റെ ഈ ചെറിയ ആഗ്രഹം കൂടിയൊന്നു സാധിച്ചുതരണേ,ഇതുവായിക്കുന്നവർക്ക് നല്ലബുദ്ധി കൊടുക്കണേ അമ്പാട്ടി...) 

    

Wednesday, 12 July 2017

അവൾ 'ചിന്ത'

               പലകുറി അവളെന്നെത്തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.വാരാന്ത്യം വീട്ടിലെത്തുമ്പോൾ അവൾ പടിയ്ക്കൽനിന്ന് എത്തിനോക്കുന്നത് കാണാം.ഒളിഞ്ഞുനോക്കാനായിരുന്നു പണ്ടുതൊട്ടേ അവൾക്കിഷ്ടം.ചിലപ്പോൾ ഇലച്ചാർത്തുകൾക്കിടയിലൂടെ,മറ്റുചിലപ്പോൾ മതിലിന്മേൽ ഏന്തിവലിഞ്ഞ്.വെളുത്ത്  മെലിഞ്ഞ് ഒരു നാടൻ പെണ്ണ്... അതായിരുന്നു അവൾ! 'ക്യാൽവിൻ ക്ലെയിൻ പെർഫ്യൂമി'ന്റെ വിലകൂടിയ സുഗന്ധം ഇഷ്ടപ്പെടുന്ന എനിക്ക് അവള ടുത്തുവരുമ്പോഴുണ്ടാകുന്ന ഒരുതരം 'വാട' ഒട്ടുമങ്ങുപിടിക്കില്ല!കണ്ടിട്ടും കണ്ടില്ലെന്ന്‌ നടിച്ച്, ഒരു നോട്ടം കൊണ്ടുപോലും അവളിലെ ആസക്തി എന്നെ ഭ്രമിപ്പിക്കാതിരിക്കാൻ ഞാൻ മനഃപ്പൂർവ്വം ഒഴിഞ്ഞുമാറി നടന്നു.
             കാലവും കഥയും അങ്ങനെ തുടർന്നുകൊണ്ടിരിക്കവേ കണ്ണിന് കൊതി തോന്നിയ പലതും രുചിച്ചു, പിന്നീട് മദിച്ചു, ഒടുക്കം...നശിച്ചു! ഫുൾ സ്റ്റോപ്പ്‌ ഇട്ട് കഥയൊരുവഴിയ്ക്ക് ഒതുക്കിനിർത്തി ഒരു ചൂട് ചായ കുടിച്ചുകൊണ്ടിരിയ്ക്കവെ 'ഫീലിനു' വന്നു , മഴ എന്ന മധുരമുള്ള വില്ലൻ ! 'അല്ലെങ്കിലും അങ്ങനാ...നന്നാവാൻ സമ്മതിക്കില്ല'. അവളും ആ അവസരം ശരിയ്ക്കങ്ങ് മുതലെടുത്തു.
              വലിയ ലോകപരിചയം ഒന്നും അവകാശപ്പെടാനില്ലാതെ ഒരിടത്തുതന്നെ ചടഞ്ഞിരുന്നു ജീവിതം ഹോമിയ്ക്കുന്ന ഒരു പെണ്ണായതുകൊണ്ടാവാം, എന്റെ താല്പര്യങ്ങളെ.. എന്റെ ഇഷ്ടങ്ങളെ മനസ്സിലാക്കാൻ അവൾ ഒരുപാട് വൈകി. മനസ്സിലാക്കിവന്നപ്പോഴേയ്ക്കും ആ ഇഷ്ടങ്ങളും അവയിലുടലെടുത്ത ബന്ധങ്ങളും ക്ലാവ് പിടിച്ച് എന്റെ അനിഷ്ടങ്ങളായി തീർന്നുകഴിഞ്ഞിരുന്നു.അപ്പോൾ വീണ്ടും പൊരുത്തക്കേട് !
                 ഞാൻ ഒരുപാട് മാറി എന്ന് തിരിച്ചറിഞ്ഞപ്പോൾ അവളൊന്ന് അടക്കിചിരിച്ചു.സഹതാപമായിരുന്നോ പരിഹാസമായിരുന്നോ ആ ചിരി എന്ന് മനസ്സിലാക്കാൻ പ്രയാസം !പിന്നെ യാത്രപറഞ്ഞ് തിടുക്കത്തിൽ പടിയിറങ്ങി...പടിപ്പുരവാതിൽക്കലെത്തി അവളൊന്നു നിന്നു.എന്നിട്ടെന്നോടായി ഉറക്കെവിളിച്ചു ചോദിച്ചു...  "ഇങ്ങടെ ആ ഫോട്ടം പിടിയ്ക്കണ കുന്ത്രാണ്ടത്തില് ഞമ്മളെ കിട്ടൂല്ലാ ? ഞമ്മളെ കാണാൻ അത്രപോലും മൊഞ്ചില്ലാ? അനക്ക് ബേണ്ടിയാ ഞമ്മളീ മഴ നനഞ്ഞതും,ഈ കോലത്തില് തന്നെയിങ്ങ് പോന്നതും!അനക്ക് ബേണ്ടെങ്കി പിന്നെ......"
                മഴ വീണ്ടും കനത്തു...ഒപ്പം എന്റെ മനസ്സും!മറുപടി കിട്ടില്ലെന്ന്‌  ഉറപ്പുള്ളതുകൊണ്ടാവാം, അവളൊന്നിനുംവേണ്ടി കാത്തുനിന്നില്ല. പറയണമെന്നുണ്ടായിരുന്നു...പക്ഷെ തൊണ്ടയിൽ തടഞ്ഞുനിർത്തി-അനുഭവങ്ങൾ ! ആരോടൊക്കെയോ ഉള്ള വാശി തീർക്കാനെന്നോണം കുത്തിയൊലിച്ചുപെയ്യുന്ന മഴയിൽ നനഞ്ഞുകുതിർന്ന ഓർമ്മകളുടെ ഒരുപറ്റം നിശ്ചലചിത്രങ്ങൾ പെറുക്കിയെടുത്തു. അതിൽ ആരും കാണാതെ,ആരെയും കാണിക്കാതെ സൂക്ഷിച്ചുവച്ച അവളുടെ  ചിത്രം നെഞ്ചോടടുക്കിപ്പിടിച്ചു കുറച്ചുനേരം ഇരുന്നു.പിന്നെ മഴയുടെ തേങ്ങലിനു ശ്രുതിചേർത്ത് ഞാനും കരഞ്ഞു.... ആ കരച്ചിൽ ഒരുപക്ഷേ അവൾ കേട്ടുകാണില്ല...
                  " പക്ഷെ പെണ്ണേ,നീയറിയണം!തിരിച്ചൊന്നും പ്രതീക്ഷിക്കാതെ,നിന്റെ ശരീരത്തെ കാമംകൊണ്ട് കളങ്കപ്പെടുത്താതെ, നീപോലും അറിയാതെ... നിന്നിലെ നിഷ്കളങ്കതയെ,നിന്നിലെ നൈർമല്യത്തെ,നിന്നെ നീയായ്‌ തന്നെ ഒരിക്കൽ ഞാൻ പകർത്തിയിരുന്നുവെന്ന്.... എന്റെ ക്യാമറയിലല്ല, ഹൃദയത്തിൽ !
            സ്മരിക്കുന്നു,മുറ്റത്തെ എന്റെ പാവം "നന്ദ്യാർവട്ടത്തെ"! സ്നേഹിക്കുന്നു, എന്നും വിടർന്ന നിന്റെ പുഞ്ചിരിയെ! നീയാണ് ഞാൻ കണ്ടതിൽവച്ച് ഏറ്റവും വലിയ സുന്ദരി......

(ചിന്ത : മുറ്റത്തെ പാവം നന്ദ്യാർവട്ടത്തിനെന്താ ഭംഗിയില്ലേ ! )